തെരുവുവിളക്കുകള്‍ക്ക് വൈദ്യുതി മീറ്റര്‍ വരുന്നു
വൈദ്യുതിമീറ്റര്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് വൈദ്യുതി ബോര്‍ഡും തദ്ദേശസ്വയംഭരണവകുപ്പും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. പദ്ധതി നടപ്പാക്കുന്നതിനായി ബോര്‍ഡ് ചില വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചു. പുതിയതായി സ്ഥാപിക്കുന്ന തെരുവുവിളക്കുകള്‍ മീറ്റര്‍ ഉള്‍പ്പെടെ മാത്രമായിരിക്കും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന അടങ്കലില്‍ മീറ്റര്‍ ചെലവ് കൂടി ഉള്‍പ്പെടുത്താന്‍ സമ്മതിക്കും. ഇതിനൊപ്പം നിലവിലുള്ള തെരുവുവിളക്കുകളില്‍ മീറ്റര്‍ സ്ഥാപിക്കാനുള്ള ചെലവിന്റെ പകുതി തങ്ങള്‍ വഹിക്കാമെന്നും ബോര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മീറ്റര്‍ എവിടെയൊക്കെ സ്ഥാപിക്കണമെന്നത് ബോര്‍ഡിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി സ്ഥലപരിശോധന നടത്തി നിശ്ചയിക്കും. ഇങ്ങനെ തയ്യാറാക്കുന്ന അടങ്കലിന്റെ പകുതിയാണ് കെ.എസ്.ഇ.ബി. നല്‍കുക. മീറ്റര്‍ സ്ഥാപിച്ചതിനു ശേഷം തെരുവുവിളക്കുകളുടെ പൂര്‍ണ നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകും. വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതും അണയ്ക്കുന്നതും അടക്കമുള്ള ഉത്തരവാദിത്വങ്ങളാവും കൈമാറുക.
മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവു കൂടി പരിഗണിച്ച് തെരുവുവിളക്കുകളുടെ വൈദ്യുതി നിരക്കില്‍ ഇളവു നല്‍കാനുള്ള നടപടികളും കെ.എസ്.ഇ.ബി. സ്വീകരിക്കും. ഇതിനായി പ്രത്യേക നിര്‍ദേശം തയ്യാറാക്കി റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാനാണ് തീരുമാനം. കത്താത്ത തെരുവുവിളക്കിനും തങ്ങള്‍ വൈദ്യുതിനിരക്ക് നല്‍കേണ്ടി വരുന്നതായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരുവുവിളക്കുകള്‍ക്ക് മീറ്റര്‍ സ്ഥാപിച്ച് കൃത്യമായ കണക്ക് ക്രമീകരിക്കാന്‍ തീരുമാനമായത്. വൈദ്യുതി നിരക്ക് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവു വിളക്കുകളുടെ കണക്ഷന്‍ വിഛേദിക്കുന്നതും കെ.എസ്.ഇ.ബിക്ക് എളുപ്പത്തില്‍ ചെയ്യാനാവും. തെരുവുകള്‍ ഇരുട്ടിലായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
No comments:
Post a Comment